സൂര്യയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി ഒരുക്കുന്ന വിശ്വനാഥ് ആൻഡ് സൺസ് റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 14 നാണ്. ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസാണ്.
ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനത്തിന്റെ പ്രൊമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. വെഡ്ഡിംഗ് സോംഗ് എന്ന പേരിൽ സൂര്യ തന്നെ ആലപിച്ചിരിക്കുന്ന പുതിയ ഗാനത്തിന്റെ പ്രമോ, സൂര്യയുടെ ജന്മദിനം പ്രമാണിച്ചാണ് പുറത്തുവിട്ടത്.
ഗാനത്തിന്റെ പൂർണമായ പതിപ്പ് ജൂലൈ 25 ന് പുറത്ത് വിടും. മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന്, സിതാര എൻറർടെയ്ൻമെൻറ്സ് ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.